ആർത്തവ സമയത്തെ വേദന അഥവാ ഡിസ്മെനോറിയ എന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ സാധാരണമായ ഒന്നാണ്. മാസമുറയ്ക്ക് മുന്നോടിയായുണ്ടാകുന്ന വൈകാരിക വിക്ഷോഭങ്ങളും വിഷാദവും ഒക്കെ കൂടെ ചേരുമ്പോൾ ഈ വേദന സ്ത്രീകൾക്ക് കൂനിന്മേൽ കുരു എന്നത് പോലെയാവും.
▪ പ്രൈമറി ഡിസ്മെനോറിയ എന്നത് ആർത്തവവുമായി നേരിട്ട് ബന്ധമുള്ള അതായത് ഗർഭപാത്രസംബന്ധമായ ഒന്നാണ്. മറ്റ് കാരണങ്ങൾ ഉണ്ടാകില്ല.
ഈ വിഭാഗത്തിൽ സാധാരണയായി ആർത്തവത്തിന്റെ ആദ്യ ദിനമാണ് വേദന ഉണ്ടാവുക.
▪ സെക്കന്ററി ഡിസ്മെനോറിയ എന്നത് ഗർഭാശയ സംബന്ധിയായ അസുഖങ്ങൾക്ക് പുറമേ വസ്തി പ്രദേശത്തെ (pelvis) മറ്റു അവയവങ്ങളുമായി ബന്ധപ്പെട്ടതുമാവാം.
ഇതിൽ ആർത്തവത്തിന്റെ സമയം മുഴുവൻ വേദന നീണ്ടു നിൽക്കാം. ആർത്തവം തുടങ്ങുന്നതിന് മുമ്പേ കലശലായ വേദന തുടങ്ങുകയും തുടർന്ന് ആർത്തവം തുടങ്ങിയതിന് ശേഷം വേദനയുടെ ശക്തി കുറയുകയും ചെയ്യുന്നു.
▪ അമ്പത് ശതമാനം സ്ത്രീകളിലും ആർത്തവം വേദനയോട് കൂടെയുള്ളതാണ്. സാമൂഹിക സാമ്പത്തിക നിലകളിലെ വ്യത്യാസത്തിനനുസരിച്ചും വിവിധ ജോലികൾക്കനുസരിച്ചും ആർത്തവ വേദനയുടെ കണക്കും വ്യത്യസ്തമായിരിക്കും.
⏺ കാരണങ്ങൾ
▪ മനോനിലയ്ക്കും വൈകാരികതയ്ക്കും ഇതിൽ ഒരു പ്രധാന പങ്കുണ്ട്. ആർത്തവ പൂർവ്വ സമ്മർദ്ദത്തിന്റെ ഭാഗമായുണ്ടാകുന്ന വൈകാരിക വിക്ഷോഭങ്ങളും തളർച്ചയും വേദന സഹിക്കാനുള്ള കഴിവ് കുറയ്ക്കുന്നു.
ആർത്തവ വേദന സ്ഥിരമായുള്ള അമ്മയുടെ മകളും അത്തരത്തിൽ വേദനയുള്ളവളായിരിക്കും പൊതുവേ. ഒറ്റപ്പെൺകുട്ടികളിലും ആർത്തവ വേദന കൂടുതലായിരിക്കും.
▪ ഗർഭാശയ പേശികളുടെ ഏകോപന വ്യതിയാനവും ഓട്ടണോമിക് നാഡീ വ്യവസ്ഥയുടെ ഉദ്ദീപനവും ഹോർമോൺ വ്യതിയാനങ്ങളും പ്രോസ്റ്റാഗ്ലാൻഡിൻ ഉൽപാദനം കൂടുന്നതും എല്ലാം വിവിധ കാരണങ്ങളായി കണക്കാക്കപ്പെടുന്നു.
▪ പ്രൊജെസ്റ്റെറോൺ ഹോർമോണിന്റെ പ്രവർത്തനം ഒരു പ്രധാന ഘടകമാണ്. അണ്ഡവിക്ഷേപം നടക്കുന്ന ആർത്തവ ചക്രത്തിലേ വേദന ഉണ്ടാകാറുള്ളൂ. ആദ്യാർത്തവത്തിന് ശേഷമുള്ള ഏതാനും ആർത്തവചക്രങ്ങളിൽ അണ്ഡവിക്ഷേപം നടക്കുകയില്ല. അവയുടെ സമയത്ത് ആർത്തവം വേദനാരഹിതമായിരിക്കും.
▪ ലക്ഷണങ്ങൾ
പ്രൈമറി ഡിസ്മെനോറിയ - ഗർഭാശയ പേശികളുടെ സങ്കോചത്തെ തുടർന്നാണ് വേദന ആരംഭിക്കുക. ആർത്തവത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പോ ശേഷമോ ആരംഭിക്കുന്ന വേദന കലശലായ രീതിയിൽ പന്ത്രണ്ട് മണിക്കൂറുകൾക്ക് മേൽ ഉണ്ടാവുകയില്ല. കൊളുത്തി വലിക്കുന്ന പോലുള്ള വേദന ചുരുണ്ടു കൂടിക്കിടക്കാൻ പ്രേരിപ്പിക്കും. അടിവയറ്റിൽ അനുഭവപ്പെടുന്ന വേദന തുടകളുടെ മുൻവശത്തേക്കും ഉൾവശത്തേക്കും വ്യാപിക്കും.ഇത്തരം വേദന ഒരിയ്ക്കലും കാൽമുട്ടിന് കീഴേയ്ക്കോ കാലിന് പുറക് വശത്തോ അനുഭവപ്പെടുകയില്ല. പുറംവേദനയും അനുഭവപ്പെടാം ചിലരിൽ.
ചിലർ അതിയായ വേദന മൂലം വിളർത്ത് ,വിയർത്ത് ,തളർന്ന് തണുത്ത് അവശരായിത്തീരാം.ഛർദ്ദിയും വയറിളക്കവും ഓട്ടണോമിക് നാഡീ വ്യവസ്ഥയുടെ ഉദ്ദീപനം മുഖേന ഉണ്ടാവാം.
പ്രാഥമിക ആർത്തവ വേദന (Primary Dysmenorrhea) കൂടുതലും 18 വയസ്സിനും 24 വയസ്സിനും ഇടയിലാണ് കാണപ്പെടുക. തുടർന്ന് അതിന്റെ കടുപ്പം കുറയും.അതേ പോലെത്തന്നെ പ്രസവശേഷവും ആർത്തവ വേദനയ്ക്ക് ശമനമുണ്ടാകും.
▪ ചികിത്സ
ശരിയായ ജീവിത ചര്യ വളരെ പ്രധാനമാണ്. പോഷക സമൃദ്ധമായ ഭക്ഷണവും ,വ്യായാമവും ഗുണകരമാണ്.
അനുതാപത്തോടെ വേണം ആർത്തവ വേദനയുള്ള പെൺകുട്ടികളോടും സ്ത്രീകളോടും പെരുമാറാൻ. സ്നേഹ സാന്ത്വനങ്ങളും കരുതലും ഏറെ ആശ്വാസമേകുമെന്ന് വീട്ടുകാരും കൂട്ടുകാരും ആരോഗ്യദായകരും മനസ്സിലാക്കേണ്ടതുണ്ട്.
▪ വേദനാസംഹാരികൾ (NSAIDS) പ്രോസ്റ്റാ ഗ്ലാൻഡിനെ തടയുന്നത് വഴി ആർത്തവ വേദനയ്ക്ക് ആശ്വാസമേകും.
▪ സെക്കന്ററി ഡിസ്മെനോറിയ
എൻഡോമെട്രിയോസിസ് ,ഗർഭാശയമുഴകൾ, പോളിപ്പുകൾ ,കോപ്പർ ടി മുതലായവയെല്ലാം ഇതിന് കാരണമാകാം. ഗർഭപാത്രത്തിന് ജന്മനാൽ ഉണ്ടാകുന്ന തകരാറുകളും സെക്കന്ററി ഡിസ്മെനോറിയയ്ക്ക് കാരണമാകാം.
▪ ലക്ഷണങ്ങൾ
വസ്തി പ്രദേശത്താകെയുള്ള വേദന നടുവിലേക്കും വ്യാപിക്കാം. ആർത്തവത്തിന് 2-3 ദിനം മുമ്പേ ആരംഭിക്കുന്ന വേദന ബ്ലീഡിംഗ് ആരംഭിക്കുന്നതോടെ കുറഞ്ഞു തുടങ്ങും.
▪ രോഗനിർണയം
സെക്കന്ററി ഡിസ്മെനോറിയയ്ക്ക് ലാപ്പറോസ്കോപ്പി ,അൾട്രാസൗണ്ട് സ്കാൻ ,ഹിസ്റ്ററോസാൽപിൻജോഗ്രാം, എം.ആർ.ഐ സ്കാൻ എന്നിവ ചെയ്യേണ്ടതായി വരാം.
▪ ചികിത്സ
രോഗകാരണം കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സെക്കന്ററി ഡിസ്മെനോറിയയിൽ പ്രധാനം.
⭕ "മെൻസസ് അല്ലേ ... വേദന ഒക്കെണ്ടാവും" എന്ന് സാ മട്ടിൽ പറയാൻ പറ്റില്ല എന്നർത്ഥം. ഏത് തരം ആർത്തവ വേദന ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഡോ.സുനിൽ.പി.കെ