കുഞ്ഞിന്റെ അമ്മയാവുക എത്ര സന്തോഷമുള്ള കാര്യമാണ്. ഗർഭിണിയെന്ന് അറിയുമ്പോൾ മുതൽ പതിവു ജീവിതരീതികളെല്ലാം ഉപേക്ഷിച്ചു വിശ്രമം എടുക്കേണ്ടതില്ല. അതേ സമയം പഴയതുപോലെ ഓടിനടന്നു ജോലികൾ ചെയ്യുകയും വേണ്ട. ഗർഭത്തിന്റെ ആദ്യ നാളുകളിൽ കടുത്ത ക്ഷീണമാണ് മിക്കവർക്കും. ഛർദിപോലെയുള്ള അസ്വസ്ഥതകൾ വേറെ. ഇക്കാലത്ത് ആവശ്യമായ വിശ്രമം വേണം. കൃത്യമായ വൈദ്യ പരിശോധനകളും ജീവിത ശൈലിയും ഉണ്ടെങ്കിൽ ഗര്‍ഭകാലം ആനന്ദകരമായി കടന്നുപോകും.
ഫോളിക് ആസിഡ്
ആദ്യ മാസങ്ങളിൽ പോഷകങ്ങളുടെ കുറവുണ്ടായാൽ അതു കുഞ്ഞിന്റെ ബുദ്ധിയും വളർച്ചയും മുരടിക്കുന്നതിനു കാരണമാകും. വൈറ്റമിൻ ബി കോപ്ലക്സ് ഗ്രൂപ്പിൽപ്പെട്ട പോഷകമാണു ഫോളിക് ആസിഡ് (വൈറ്റമിൻ ബി–9 അഥവാ ഫോളേറ്റ്). ഓറഞ്ച്, സ്ട്രോബറി തുടങ്ങിയ പഴങ്ങള്‍, തവിടോടു കൂടിയ ധാന്യങ്ങൾ, പരിപ്പ്– പയറു വർഗ്ഗങ്ങൾ, പാലക് ചീര, ബ്രോക്കോളി എന്നിവയിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. പക്ഷേ, ഛർദിയും അസ്വസ്ഥതകളും കാരണം പോഷണം വേണ്ടത്ര കിട്ടിയെന്നു വരില്ല. അതു കൊണ്ട് ഫോളിക് ആസിഡ് ഗുളിക കഴിക്കണം.
വൈറ്റമിൻ ഗുളികകൾ
ഗർഭിണികളിൽ വിളർച്ച സ്ഥിരമാണ്. ഗർഭിണിക്കു വേണ്ടി വരുന്ന അധിക കാൽസ്യമായ 30 ഗ്രാമില്‍ 27.5 ഗ്രാമും ഗർഭസ്ഥശിശുവിന്റെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. കുഞ്ഞിനാവശ്യമായ കാൽസ്യം ലഭിച്ചില്ലെങ്കിൽ അമ്മയുടെ എല്ലുകളിൽ നിന്ന് അത് വലിച്ചെടുക്കും. ആതുകൊണ്ട് കാൽസ്യം, അയൺ, വൈറ്റമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കണം
ഭക്ഷണം രണ്ടാൾക്കു വേണ്ട
ഗർഭിണി ‘രണ്ടുപേർക്കുള്ളതു കഴിക്കണ’മെന്നാണ് കാരണവൻമാർ പറയാറ്. ഇതിനു ഭക്ഷണത്തിന്റെ അളവു കൂട്ടണമെന്നല്ല, പോഷണം കൂട്ടണമെന്നാണ് അർത്ഥം. ചോറിന്റെ അളവു കുറച്ച് കറികൾ കൂടുതൽ കഴിക്കുക. ചെറിയ അളവിൽ ആറുനേരം ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്പിയും ചായയും ഒഴിവാക്കി ആ നേരങ്ങളിൽ പഴച്ചാറുകൾ കഴിക്കാം. ഇലക്കറികൾ, ചുവന്ന ഇറച്ചി, പയർവർഗ്ഗങ്ങൾ, പാൽ, മത്സ്യ വിഭവങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാംസഭക്ഷണവും മധുരവും അധികമാകാതെ ശ്രദ്ധിക്കണം. ചൈനീസ് ഭക്ഷണവും കൃത്രിമ നിറം ചേർത്തവയും പൂർണമായും ഒഴിവാക്കണം.
ഡോക്ടറെ കാണേണ്ടത്
രക്തസ്രാവം, അംനിയോട്ടിക് ഫ്ലൂയിഡ് ലീക്ക് തുടങ്ങി എന്തുണ്ടായാലും ഉടൻ ഡോക്ടറുടെ സഹായം തേടണം. മനംപിരട്ടലും തലകറക്കവും ഒപ്പം ഛർദിയും ഉണ്ടാകുക, കാഴ്ച മങ്ങുകയോ വസ്തുക്കൾ ഇരട്ടയായികാണുകയോ ചെയ്യുക തുടങ്ങിയവയും നിസ്സാരമായി കാണരുത്. കുഞ്ഞിന്റെ ചലനങ്ങൾ അഞ്ചാം മാസം മുതൽ അനുഭവപ്പെട്ടു തുടങ്ങും. കുഞ്ഞിന്റെ ചലനം കുറയുന്ന പക്ഷം ഡോക്ടറെ സമീപിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുന്ന ഏതു മരുന്നും ഗർഭസ്ഥശിശുവിനെ ബാധിക്കാം. ഏതെങ്കിലും രോഗത്തിനു പതിവായി മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവർ ഗർഭവതിയാകും മുൻപു തന്നെ ഡോക്ടറുടെ ഉപദേശം തേടണം.
ഗർഭിണിയുടെ ഒരു ദിവസത്തെ മാതൃകാ ഭക്ഷണക്രമം
8.00 – പ്രഭാതഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ്സ് പാൽ. ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട കഴിക്കാം. 10.00 – ഫ്രഷ് ജ്യൂസ് / മോരുവെള്ളം / നാരങ്ങാവെള്ളം ഒരു ഗ്ലാസ്സ്. അല്ലെങ്കിൽ സാലഡ്. 12.00 – ചോറ് ഒരു കപ്പ് അല്ലെങ്കിൽ ചപ്പാത്തി. പച്ചക്കറികൾക്കൊപ്പം ഇറച്ചി / മീൻ അല്ലെങ്കിൽ കട്ടത്തൈര്. 4.00 – ചായയ്ക്കൊപ്പം സ്നാക്സ് അല്ലെങ്കിൽ പുഴുങ്ങിയ ഏത്തപ്പഴം. രാത്രി 8.00 – ചോറ് ഒരു കപ്പ് അല്ലെങ്കിൽ 3 ചപ്പാത്തി 10.00 – പാൽ ഒരു ഗ്ലാസ്സ്
സാധാരണ ഭക്ഷണത്തിനു പുറമേ ദിവസവും കഴിക്കേണ്ടത്
1. പാൽ / തൈര് – രണ്ടു ഗ്ലാസ്സ് 2. പയർ, മുട്ട, മൽസ്യം, മാംസം, കടല – ഒരു തവണ 3. പഴങ്ങൾ / പഴച്ചാറ് – ഒന്നിലധികം തവണ 4. പച്ചക്കറികൾ – ഒന്നിലധികം തവണ 5. കൊഴുപ്പ് / എണ്ണ – ഒരു ടീസ്പൂൺ.
No comments:
Post a Comment